ABOUT

ഒരു കാലത്ത് വായനശാലകള്‍ ഗ്രാമങ്ങളുടെ സര്‍വ്വകലാശാലകള്‍ എന്നറിയപ്പെട്ടിരുന്നു. അവിടുത്തെ സാമൂഹിക സാംസ്കാരിക ബൗദ്ധിക ഉന്നമനത്തിന്‍റെ ജീവനാഢികളായിരുന്നു ഓരോ വായനശാലകളും. പണ്ഡിതന്‍ എന്നോ പാമരന്‍ എന്നോ വേര്‍തിരിവില്ലാതെ എല്ലാവരും ഒത്തുകൂടുകയും ആകാശത്തിന് കീഴിലുളള എല്ലാ അറിവുകളെ കുറിച്ചും ചര്‍ച്ച ചെയ്യപ്പെടുന്ന  ഇടമായിരുന്നു അക്കാലത്ത് വായനശാലകള്‍.കേരളത്തിലെ ഓരോ വായനശാലകളിലും ലോകത്തിലെ മികച്ച എഴുത്തുകളും എഴുത്തുകാരും വായിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും വിലയിരുത്തിപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും അതിലൂടെ അന്നാട്ടിലെ അബാലവൃത്തം ആളുകളും സംസ്കാരത്തിന്‍റെ വക്താക്കള്‍ ആക്കപ്പെടുകയും ചെയ്യപ്പെട്ടിരുന്നു. ആളുകളുടെ  സാഹിത്യ സര്‍ഗ്ഗാത്മക നിപുണതകളുടെ  പ്രോത്സാഹിപ്പിക്കപ്പെടുകയും പരിപോഷിക്കപ്പെടുകയും അതിലൂടെ ഇരുത്തം വരുത്തപ്പെടുകയും ചെയ്യുന്നിടമായിരുന്നു വായനശാലകള്‍. എന്നാല്‍ ആധുനിക സാങ്കേതിക വിദ്യകളുടെ കടന്നുവരവോടു കൂടി ഇത്തരം കൂട്ടായ്മകള്‍ ക്ഷയിക്കപ്പെടുകയും, വായനശാലകള്‍ നശിക്കപ്പെടുകയും  ചെയ്തു. വായനകളും ചര്‍ച്ചകളും അറിവുകള്‍ പങ്കുവെയ്ക്കലും ഡിജിറ്റൈലൈസ് ചെയ്യപ്പെട്ട്  നല്ലതും ചീത്തയും ചര്‍ച്ചചെയ്യപ്പെടാനും  തിരിച്ചറിയപ്പെടാനുമുളള  ആ ഇടം ഇല്ലാത്ത ഒരു കാലത്തിലൂടെയാണ് നമ്മുടെ ഈ തലമുറ കടന്നുപോകുന്നത്.  ഈ ഇടം പുനരുജ്ജീകരിക്കപ്പെടുക എന്ന ആശയത്തെ മുന്‍നിര്‍ത്തി കോട്ടയം കുടുംബശ്രീ ജില്ലാമിഷന്‍ ബാലസഭ കുട്ടികള്‍ക്കായി  ആരംഭിച്ച നൂതന പരിപാടിയാണ് വായന ശാല - ഓണ്‍ലൈന്‍ നെറ്റ് വര്‍ക്ക് ലൈബ്രററി . ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുസ്തകങ്ങളെ അടുത്തറിയുന്നതിനും ബാലസഭ കുട്ടികള്‍ക്ക് വായനയുടെ വിശാലമായ ലോകം ഒരുക്കുന്നതിനും അവര്‍ക്കിടയില്‍ സാഹിത്യ സര്‍ഗ്ഗാത്മക അഭിരുചികള്‍  വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഒരു സ്ഥിരം ഇടം എന്ന ആശയമാണ് വായനശാല ഓണ്‍ലൈന്‍ നെറ്റ് വര്‍ക്ക് ലൈബ്രററിയെ ജില്ലാമിഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ എഴുപത്തിയെട്ട് കുടുംബശ്രീ സിഡിഎസുകളിലും രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ബാലസഭകളിലെ കുട്ടികള്‍ക്ക് മാത്രമാണ്  വായനശാല ഓണ്‍ലൈന്‍ നെറ്റ് വര്‍ക്ക് ലൈബ്രറിയുടെ സേവനം ലഭ്യമാകുന്നത്. ഇപ്രകാരം അംഗത്വം ലഭ്യമായ ബാലസഭ കുട്ടികള്‍ക്ക് ഒരു മൊബൈല്‍ ആപ്പ് വഴി വായനശാലയുടെ മാസ്റ്റര്‍ ലൈബ്രററിയില്‍ പ്രവേശിച്ച്  പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാം. ഇപ്രകാരം തെരഞ്ഞെടുക്കുന്ന പുസ്തകങ്ങള്‍ വായനശാല ഡെലിവറി ടീമിന്‍റെ സഹായത്തോടെ കുട്ടികള്‍ക്ക് എത്തിച്ചു നല്‍കുന്നു. ഈ പുസ്തകങ്ങള്‍ വായിച്ചതിനുശേഷമോ 15 ദിവസത്തിനുശേഷമോ ഡെലിവറി ടീം കുട്ടികളില്‍ നിന്ന് തിരികെ വാങ്ങി മാസ്റ്റര്‍ ലൈബ്രറികളില്‍ എത്തിക്കുന്നു. ജില്ല ടീം, ലൈബ്രററി ടീം, ഡെലിവറി ടീമുകള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ വായനശാല വെബ്സൈറ്റ് ഇന്‍റര്‍ഫെയ്സുകള്‍ വഴിയാണ് ഈ വായനശാലയുടെ പ്രവര്‍ത്തനം സംയോജിപ്പിച്ച് നടപ്പിലാക്കുന്നത്. ഇതുകൂടാതെ വായനശാല ഓണ്‍ലൈന്‍ നെറ്റ് വര്‍ക്ക് ലൈബ്രററിയുടെ നേതൃത്വത്തില്‍  ബാലസഭ കുട്ടികളുടെ സാഹിത്യ സര്‍ഗ്ഗാത്മക നിപുണതകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമാവശ്യമായ വിവിധ പരിപാടികള്‍ ജില്ലാ ബ്ലോക്ക് സിഡിഎസ്തലത്തില്‍  നിരന്തരമായി സംഘടിപ്പിക്കാനും പദ്ധതിയിടുന്നു.